അധ്യാപകജോലി സ്വപ്നം കാണുന്നവര്‍ക്ക് മികച്ച സമയമാണിത്. രാജ്യത്തൊട്ടാകെയുള്ള കേന്ദ്രീയ വിദ്യാലയങ്ങളില്‍ 6,205 അധ്യാപകരെയാണ് ഉടന്‍ നിയമിക്കുന്നത്. കേന്ദ്ര സര്‍ക്കാരില്‍ ഉയര്‍ന്ന ശമ്പളത്തോടെ അധ്യാപകരാവാം എന്നത് മാത്രമല്ല അധ്യാപക കരിയറില്‍ മികച്ച സാധ്യതയും അനുഭവവും തുറന്നിടുന്നതാണ് കേന്ദ്രീയ വിദ്യാലയങ്ങളിലെ അവസരം.
കേന്ദ്ര സര്‍ക്കാരിന്റെ മാനവവിഭവ വകുപ്പിനു കീഴിലാണ് കേന്ദ്രീയ വിദ്യാലയ സംഗതന്‍ പ്രവര്‍ത്തിക്കുന്നത്. 1,962 നവംബറില്‍ രണ്ടാം കേന്ദ്ര ശമ്പള കമ്മീഷന്റെ കീഴില്‍ പ്രവര്‍ത്തനമാരംഭിച്ച കേന്ദ്രീയ വിദ്യാലയത്തിനു കീഴില്‍ ഇന്ന് ഇന്ത്യയിലും വിദേശത്തുമായി 1,141 കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
കേരളത്തില്‍ മാത്രമായി 37 കേന്ദ്രീയ വിദ്യാലയങ്ങളാണ് വിവിധ ജില്ലകളിലായി പ്രവര്‍ത്തിക്കുന്നത്. പ്രൈമറി അധ്യാപകര്‍ മുതല്‍ പ്രിന്‍സിപ്പല്‍ വരെയുള്ള തസ്തികകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. പി.ജി.ടിക്ക് (പോസ്റ്റ് ഗ്രാജ്വേറ്റ് ടീച്ചര്‍) 690 ഒഴിവുകളും, ടി.ജി.ടിക്ക് (ട്രെയിന്‍ഡ് ഗ്രാജ്വേറ്റ് ടീച്ചര്‍) 926 ഒഴിവുകളും, പി.ആര്‍.ടിക്ക് (പ്രൈമറി ടീച്ചര്‍) 4,499 ഒഴിവുകളുമാണ് ഉള്ളത്.
മുന്‍പരിചയമാവശ്യമില്ലെന്നതാണ് പ്രത്യേകത. അധ്യാപനരംഗത്ത് കഴിവു തെളിയിച്ചവര്‍ക്കാകട്ടെ 90 ഒഴിവുകളുള്ള പ്രിന്‍സിപ്പല്‍ തസ്തികയിലേക്ക് അപേക്ഷിക്കുകയുമാവാം. അധ്യാപകയോഗ്യത നേടിയവര്‍ക്ക് അല്പം പരിശ്രമിച്ചാല്‍ ഈ അവസരം സ്വന്തമാക്കാം.
സാധ്യതകള്‍
അധ്യാപനരംഗത്ത് ഇന്ത്യയില്‍ ഇന്ന് കിട്ടാവുന്നതില്‍വെച്ചേറ്റവും വലിയ ശമ്പളമാണ് കേന്ദ്രീയ വിദ്യാലയം അധ്യാപകര്‍ക്കായി നീക്കിവെക്കുന്നത്. പോസ്റ്റ് ഗ്രാജ്വേറ്റ് അധ്യാപകര്‍ക്ക് മാസം 9,300 രൂപയ്ക്കും 34,800 രൂപയ്ക്കുമിടയിലാണ് ശമ്പളം. മാത്രമല്ല ഗ്രേഡ് പേ ആയി മാസം 4,800 രൂപയും ലഭിക്കുന്നു.
ഇംഗ്ലീഷ്, ഹിന്ദി, ഫിസിക്സ്, കെമിസ്ട്രി, ഇക്കണോമിക്‌സ്, കൊമേഴ്സ്, മാത്സ്, ബയോളജി, ഹിസ്റ്ററി, ജ്യോഗ്രഫി എന്നീ വിഷയങ്ങളിലേക്കാണ് പി.ജി.ടി. അധ്യാപകരെ ക്ഷണിച്ചിരിക്കുന്നത്.
ട്രെയിന്‍ഡ് ഗ്രാജ്വേറ്റ് അധ്യാപകര്‍ക്കും ഇതേ ശമ്പളവും ഗ്രേഡ് പേ ആയി 4600 രൂപയും ലഭിക്കും.
ട്രെയിന്‍ഡ് ഗ്രാജ്വേറ്റ് അധ്യാപകര്‍ക്കും ഇതേ ശമ്പളവും ഗ്രേഡ് പേ ആയി 4600 രൂപയും ലഭിക്കും.
ഇംഗ്ലീഷ്, ഹിന്ദി, സോഷ്യല്‍ സ്റ്റഡീസ്, സയന്‍സ്, സംസ്‌കൃതം, മാത്സ്, ഫിസിക്കല്‍ ആന്‍ഡ് ഹെല്‍ത്ത് എജുക്കേഷന്‍, ആര്‍ട്ട് എജുക്കേഷന്‍, വര്‍ക്ക് എക്സ്പീരിയന്‍സ് എന്നീ വിഷയങ്ങളിലേക്കാണ് കേന്ദ്രീയ വിദ്യാലയ ടി.ജി.ടി. അധ്യാപകരെ തേടുന്നത്.
മറ്റു ടീച്ചിങ് തസ്തികകളിലെന്നപോലെ അതേ ശമ്പളമാണ് പ്രൈമറി അധ്യാപകര്‍ക്കും. ഗ്രേഡ് പേ 4200 രൂപയായിരിക്കും. സംഗീതത്തില്‍ അഭിരുചിയും ബിരുദവുമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് മ്യൂസിക്ക് പ്രൈമറി ടീച്ചറാകാനുള്ള അവസരവുമുണ്ട്.
മുന്‍ പരിചയമുള്ള അധ്യാപകര്‍ക്ക് പ്രധാനാധ്യാപകനായി സ്ഥാനം ലഭിക്കുമ്പോള്‍ 15600 രൂപയ്ക്കും 39100 രൂപയ്ക്കുമിടയില്‍ ശമ്പളവും ഗ്രേഡ് പേ ആയി 7600 രൂപയും ലഭിക്കുന്നു. തുടക്കത്തില്‍ സ്വന്തം സംസ്ഥാനത്ത് നിയമനം ലഭിച്ചില്ലെങ്കിലും ക്രമേണ സ്ഥലംമാറ്റം മുഖേന സ്വന്തം നാട്ടില്‍ പഠിപ്പിക്കാനുള്ള അവസരം ലഭിക്കും. മികച്ച വിദ്യാലയ അന്തരീക്ഷവും കേന്ദ്രീയ വിദ്യാലയങ്ങളുടെ പ്രത്യേകതയാണ്.
പരീക്ഷ എങ്ങനെ?
ദേശീയതലത്തില്‍ എല്ലാ സംസ്ഥാനങ്ങളിലെയും അധ്യാപന രംഗത്തെ ഉദ്യോഗാര്‍ഥികളെ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഒരു പൊതു പരീക്ഷയാണ് ആദ്യഘട്ടം. ഇതിലെ വിജയികള്‍ക്കായി പിന്നീട് നടക്കുന്ന ഇന്റര്‍വ്യൂവില്‍ ഉദ്യോഗാര്‍ഥിയുടെ വിഷയത്തിലെ അറിവിന്റെ വ്യാപ്തിയും ആശയവിനിമയ പാടവവും നിര്‍ണയിക്കും.
എഴുത്തുപരീക്ഷയ്ക്ക് 85 ഉം അഭിമുഖത്തില്‍ 15 ഉം ചേര്‍ത്ത് ആകെ 100 മാര്‍ക്കിലാണ് പ്രിന്‍സിപ്പല്‍ തസ്തികയിലേക്കുള്ളവരെ വിലയിരുത്തുക. എന്നാല്‍ മറ്റ് അധ്യാപക വിഭാഗത്തിലുള്ളവര്‍ക്ക് അവതരണ പരീക്ഷ കൂടിയുണ്ട്. അതതു വിഷയങ്ങളില്‍ അധികൃതര്‍ക്ക് മുമ്പാകെ ഒരു ക്ലാസ് എടുക്കണം.
അതായത് പി.ജി.ടി, ടി.ജി.ടി, പ്രൈമറി ടീച്ചര്‍ തസ്തികയിലേക്കുള്ള ഉദ്യോഗാര്‍ഥികളെ വിലയിരിത്തുന്നത് എഴുത്തു പരീക്ഷയ്ക്ക് 65 ഉം അഭിമുഖത്തിന് 25 ഉം അവതരണ പരീക്ഷയ്ക്ക് 15 ഉം മാര്‍ക്ക് നല്‍കിയാണ്.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലുള്ള 34 നഗരങ്ങളിലാണ് പരീക്ഷാ കേന്ദ്രങ്ങള്‍. കേരളത്തില്‍ 33 ാം കോഡ് നമ്പറുള്ള തിരുവനന്തപുരത്താണ് പരീക്ഷാകേന്ദ്രം. പ്രിന്‍സിപ്പല്‍ തസ്തികയിലേക്കുള്ളവര്‍ക്ക് ഡല്‍ഹി പരീക്ഷാകേന്ദ്രത്തില്‍ മാത്രമേ അവസരമുള്ളൂ.
40% മുകളില്‍ ശാരീരിക വൈകല്യമുള്ളവര്‍ക്ക് ഒരു സഹായിയെ പരീക്ഷ എഴുതാനായി ഏര്‍പ്പാടാക്കാം. മാത്രമല്ല നിര്‍ദിഷ്ട സമയത്തില്‍ നിന്നും 20 മിനിട്ട് കൂടുതല്‍ സമയം പരീക്ഷ എഴുതാനായി ഉപയോഗിക്കാനും സാധിക്കും.
പി.ജി.ടി.ക്കാര്‍ക്കും ടി.ജി.ടി.യിലെ ഫിസിക്കല്‍ ആന്‍ഡ് ഹെല്‍ത്ത് എജുക്കേഷന്‍, ആര്‍ട്ട് എജുക്കേഷന്‍, വര്‍ക്ക് എക്സ്പീരിയന്‍സ് എന്നീ വിഷയങ്ങളിലെ ഉദ്യോഗാര്‍ഥികള്‍ക്കും ആകെ 200 മാര്‍ക്കിലാണ് എഴുത്തുപരീക്ഷ. 3 മണിക്കൂറാണ് എഴുതാനായുള്ള സമയം.
ഓരോ ചോദ്യത്തിനും ഓരോ മാര്‍ക്ക് വീതം ലഭിക്കും. ആകെയുള്ള 200 ചോദ്യങ്ങളില്‍ 20 വീതം ഇംഗ്ലീഷ്, ഹിന്ദി വിഭാഗങ്ങളില്‍ നിന്നുമായിരിക്കും. ആനുകാലിക വിഷയങ്ങളില്‍ നിന്നും റീസണിങ്ങില്‍ നിന്നും 20 വീതം ചോദ്യങ്ങള്‍ ടീച്ചിങ് മെത്തഡോളജിയില്‍ നിന്ന് 20 ചോദ്യങ്ങളും ഉണ്ടാകും.
ബാക്കിയുള്ള 100 ചോദ്യങ്ങള്‍ അതത് വിഷയങ്ങള്‍ ബന്ധപ്പെടുത്തിയായിരിക്കും. ടി.ജി.ടി.യിലെ ബാക്കി വിഷയങ്ങളിലുള്ളവര്‍ക്കും (ഇംഗ്ലീഷ്, ഹിന്ദി, സോഷ്യല്‍ സ്റ്റഡീസ്, സയന്‍സ്, സംസ്‌കൃതം, മാത്സ്), പ്രൈമറി ടീച്ചര്‍ ഉദ്യോഗാര്‍ ഥികള്‍ക്കും രണ്ടര മണിക്കൂറില്‍ നടക്കുന്ന 150 മാര്‍ക്കിന്റെ പരീക്ഷയായിരിക്കും.
ആകെയുള്ള 150 ചോദ്യങ്ങളില്‍ ഇംഗ്ലീഷില്‍ നിന്നും ഹിന്ദിയില്‍ നിന്നും 15 വീതം ചോദ്യങ്ങളും ആനുകാലിക വിഷയങ്ങള്‍, റീസണിങ്, ടീച്ചിങ് മെത്തഡോളജി എന്നീ വിഷയങ്ങളില്‍ നിന്നും 40 വീതം ചോദ്യങ്ങളുമുണ്ടാകും.
പ്രൈമറി ടീച്ചര്‍ (മ്യൂസിക്ക്) തസ്തികയ്ക്ക് ആനുകാലികം, റീസണിങ് എന്നിവയില്‍ നിന്നും 30 ചോദ്യങ്ങളും പ്രധാന വിഷയമായ മ്യൂസിക്കോളജിയില്‍ നിന്നും 60 ചോദ്യങ്ങളുമുണ്ടാവും.
പ്രിന്‍സിപ്പല്‍ തസ്തികയിലേക്കുള്ള പരീക്ഷയില്‍ ആകെ 160 ചോദ്യങ്ങളാണുണ്ടാകുക.
പ്രിന്‍സിപ്പല്‍ തസ്തികയിലേക്കുള്ള പരീക്ഷയില്‍ ആകെ 160 ചോദ്യങ്ങളാണുണ്ടാകുക.
3 മണിക്കൂറാണ് പരീക്ഷാ സമയം.ഇംഗ്ലീഷ്,ഹിന്ദി, ആനുകാലിക സംഭവങ്ങള്‍, റീസണിങ്, കമ്പ്യൂട്ടര്‍ പരിജ്ഞാനം, ആപ്റ്റിറ്റിയൂഡ് ടെസ്റ്റ്, എന്നീ വിഷയങ്ങളില്‍ നിന്ന് 10 ചോദ്യങ്ങള്‍ വീതവും അക്കാദമിക്ക് വിഷയത്തില്‍ നിന്ന് 30 ചോദ്യങ്ങളും അഡ്മിനിസ്ട്രേഷന്‍ ആന്‍ഡ് ഫിനാന്‍സില്‍ നിന്നും 70 ചോദ്യങ്ങളുമായിരിക്കും പരീക്ഷയ്ക്ക് ചോദിക്കുക.
2016 നവംബര്‍ മാസത്തിലോ ഡിസംബര്‍ മാസത്തിലോ എഴുത്തുപരീക്ഷയും അഭിമുഖവും നടത്തും.
അപേക്ഷിക്കേണ്ടതെങ്ങിനെ?
www.kvsangathan.nic.in അല്ലെങ്കില്‍ www.mecbsekvs.in എന്നീ വെബ്സൈറ്റുകളിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കണം. എഴുത്തുപരീക്ഷയുടെ വിവരങ്ങളും മറ്റും ഇ-മെയില്‍ മുഖാന്തരമാണ് അറിയിക്കുക. അതുകൊണ്ട് പ്രവര്‍ത്തന സജ്ജമായ ഇ-മെയില്‍ അക്കൗണ്ടുകള്‍ ഉദ്യോഗാര്‍ഥികള്‍ക്ക് ഉണ്ടായിരിക്കണം.
ഈയിടെ എടുത്ത പാസ്പോര്‍ട്ട് സൈസ് ഫോട്ടോ അപേക്ഷ പൂരിപ്പിക്കുന്നതിനോടൊപ്പം അപ്ലോഡ് ചെയ്യുകയും വിരലടയാളവും ഒപ്പും ഓണ്‍ലൈനായി അപ്ലോഡ് ചെയ്യുകയും വേണം. അപേക്ഷ സമര്‍പ്പിച്ചാല്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഒരു യൂസര്‍ നെയിമും പാസ്വേര്‍ഡും ലഭിക്കും. ഇത് സൂക്ഷിച്ചുവെക്കണം.
അപേക്ഷാഫീസ്
പ്രിന്‍സിപ്പല്‍ തസ്തികയിലേക്ക് 1200 രൂപയും പി.ജി.ടി,ടി.ജി.ടി,പ്രൈമറി ടീച്ചര്‍ എന്നീ തസ്തികകളിലേക്ക് 750 രൂപയുമാണ് ഫീസ്. വികലാംഗര്‍,വിമുക്തഭടര്‍,എസ്.സി,എസ്.ടി എന്നീ വിഭാഗക്കാര്‍ക്ക് ഫീസില്ല. .ഇ-ചലാനായി ബാങ്കുകള്‍ അപേക്ഷാഫീസ് സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബര്‍ 22.
പൂരിപ്പിച്ച് സമര്‍പ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട് എടുത്ത് അതില്‍ ഫോട്ടോ ഒട്ടിച്ച് സൂക്ഷിക്കണം. എഴുത്തുപരീക്ഷയ്ക്കും അഭിമുഖത്തിനും ഇത് ആവശ്യപ്പെട്ടേക്കാം. ഒന്നില്‍ കൂടുതല്‍ തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിന് തടസ്സമില്ല. ഇങ്ങനെ അപേക്ഷിക്കുന്നവര്‍ ഓരോ തസ്തികയിലേക്കും വെവ്വേറെ അപേക്ഷാഫീസ് അടയ്ക്കണം.
പി.ജി.ടി. അല്ലെങ്കില്‍ ടി.ജി.ടി. വിഭാഗത്തിനുള്ളിലെ അപേക്ഷകന് ഒരു വിഭാഗത്തില്‍ ഒരപേക്ഷ മാത്രമേ നല്‍കാന്‍ സാധിക്കൂ എന്ന വിവരം ഓര്‍ത്തിരിക്കണം. അതായത് ടി.ജി.ടിയിലെ ഒരു തസ്തികയില്‍ അപേക്ഷ സമര്‍പ്പിച്ച വ്യക്തിക്ക് മറ്റൊരു ടി.ജി.ടി. തസ്തികയില്‍ അപേക്ഷിക്കാനാവില്ല.
2015 മെയ് മാസത്തില്‍ പി.ജി.ടി. (ഇംഗ്ലീഷ്, ഹിന്ദി, ഫിസിക്സ്, കെമിസ്ട്രി, എക്കണോമിക്സ്, കോമേഴ്സ്, മാത്സ്, ബയോളജി, ഹിസ്റ്ററി, ജ്യോഗ്രഫി, കമ്പ്യൂട്ടര്‍ സയന്‍സ്), പ്രൈമറി ടീച്ചര്‍, പ്രൈമറി ടീച്ചര്‍ (മ്യൂസിക്) എന്നീ തസ്തികകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചിരുന്നു.
അന്ന് അപേക്ഷാ നടപടികള്‍ പൂര്‍ത്തിയാക്കി ഫീസടച്ച ഉദ്യോഗാര്‍ഥികള്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. ഓണ്‍ലൈന്‍ അപേക്ഷ കരുതലോടെ വേണം സമര്‍പ്പിക്കാന്‍. ചെറിയ പിശകുകള്‍പോലും അപേക്ഷ നിരസിക്കുന്നതിന് കാരണമായേക്കാം.
പ്രായത്തിന്റെ അളവുകോല്‍
കേന്ദ്രീയ വിദ്യാലയത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ഓരോ അധ്യാപകനും സ്ഥാപനം നിഷ്‌കര്‍ഷിക്കുന്ന പ്രായത്തിന്റെ അളവുകോലുണ്ട്, അവ ഓരോ തസ്തികയ്ക്കും വ്യത്യസ്തമാണ്. 2016 ഒക്ടോബര്‍ 31 എന്ന തിയതി അടിസ്ഥാനമാക്കിയാണ് പ്രായ പരിധി നിശ്ചയിച്ചിരിക്കുന്നത്.
ലഭ്യമായ ഒഴിവുകളിലെ ഏറ്റവും ഉയര്‍ന്ന തസ്തികയായ പ്രിന്‍സിപ്പലിന് ചുരുങ്ങിയത് 35 വയസിനും 50 വയസിനുമിടയിലായിരിക്കണം പ്രായം. പി.ജി.ടി തസ്തികയിലേക്ക് അപേക്ഷിക്കാവുന്ന പ്രായം 40 വയസാണെങ്കില്‍ ടി.ജി.ടിയ്ക്ക് അത് 35 വയസ്സാണ്. പ്രൈമറി ടീച്ചര്‍ തസ്തികയിലേക്കുള്ളവരുടെ പരമാവധി പ്രായം 30 വയസ്സാണ്.
ഒ.ബി.സിക്കാര്‍ക്ക് മൂന്നും എസ്.സി,എസ്.ടി. വിഭാഗക്കാര്‍ക്ക് അഞ്ചും അംഗപരിമിതര്‍ക്ക് പത്തും വര്‍ഷത്തെ പ്രായ ഇളവുണ്ട്. വിമുക്ത ഭടന്മാര്‍ക്ക് ചട്ടപ്രകാരമുള്ള പ്രായ ഇളവ് ലഭിക്കും. പിന്നോക്ക വിഭാഗങ്ങളിലുള്ള വികലാംഗര്‍ക്ക് 13 മുതല്‍ 15 വയസ്സുവരെ പ്രായ ഇളവും കേന്ദ്രീയ വിദ്യാലയം നല്‍കിയിട്ടുണ്ട്.